Saturday, August 7, 2010

മതി, കുറച്ചുമതി
അബ്‌ദുല്‍വദൂദ്‌

ഹാതിം അസമ്മ്‌ വിശ്രുതനായ പണ്ഡിതനായിരുന്നു. വിട്ടുവീഴ്‌ചയില്ലാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കല്‍ റയ്യ്‌ പട്ടണത്തിലെത്തിയ ഹാതിം അസമ്മ്‌ ആ നാട്ടിലെ ഇമാം രോഗശയ്യലിയാണെന്നറിഞ്ഞ്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. ഇമാമിന്റെ ആഡംബര ജീവിതവും വലിയ വീടും കണ്ട്‌ ഹാതിം അസമ്മ്‌ നിരാശനായി.
ഇമാം ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാതിം അസമ്മ്‌ ഇരുന്നില്ല.
``ഒരുകാര്യം ചോദിച്ചോട്ടെ?'' -ഹാതിം ചോദിച്ചു.
``എന്തു വേണമെങ്കിലും ചോദിച്ചോളൂ''
``ശരി, ആരില്‍ നിന്നാണ്‌ താങ്കള്‍ അറിവ്‌ നേടിയത്‌?''
``പ്രഗത്ഭരായ താബിഉകളില്‍ നിന്ന്‌''
``അവര്‍ ആരില്‍ നിന്ന്‌ അറിവു നേടി?''
``സ്വഹാബിമാരില്‍ നിന്ന്‌''
``അവരോ?''
``നബി തിരുമേനിയില്‍ നിന്ന്‌''
``നബി തിരുമേനി എവിടെ നിന്ന്‌ അറിവ്‌ നേടി?''
``അല്ലാഹുവിങ്കല്‍ നിന്ന്‌ ജിബ്‌രീല്‍ എത്തിച്ചുകൊടുത്തു''
``ശരി, എനിക്കു ചോദിക്കാനുള്ള കാര്യമിതാണ്‌: താങ്കളുടെ അറിവ്‌ താങ്കള്‍ക്ക്‌ താബിഉകളില്‍ നിന്നും അവര്‍ക്ക്‌ സ്വഹാബിമാരില്‍ നിന്നും അവര്‍ക്ക്‌ നബിതിരുമേനിയില്‍ നിന്നും തിരുമേനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചതാണല്ലോ. വലിയ വീടുകളും അതില്‍ ആഡംബര ജീവിതവും ഉള്ളവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉയര്‍ന്ന പദവി കൈവരുമെന്ന്‌ ആ വിജ്ഞാനത്തില്‍ എവിടെയങ്കിലും പറയുന്നുണ്ടോ?''
``ഇല്ല. അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല''
``എങ്കില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഭൗതിക സുഖങ്ങളില്‍ മുഴുകാതെ പരലോകത്തേക്ക്‌ വേണ്ട വിഭവങ്ങള്‍ ഒരുക്കുകയും അഗതികളെയും ദരിദ്രരെയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉന്നതപദവി ലഭിക്കുമെന്ന്‌ അതില്‍ പറഞ്ഞിട്ടുണ്ടോ?''
``ഉണ്ട്‌. പറഞ്ഞിട്ടുണ്ട്‌''
ഇത്രയും പറഞ്ഞപ്പോഴേക്ക്‌ ഹാതിം അസമ്മിന്റെ കണ്ണു നിറഞ്ഞിരുന്നു. ഇമാമിന്റെ മുഖത്തേക്ക്‌ കോപവികാരങ്ങളോടെ നോക്കി, തുടര്‍ന്ന്‌ പറഞ്ഞു: ``അല്ലയോ ഇമാം, ആരുടെ ജീവിതത്തിലാണ്‌ താങ്കള്‍ മാതൃക കാണുന്നത്‌?''

നബിതിരുമേനിയുടെയും സ്വഹാബികളുടെയും താബിഉകളുടെയും ജീവിതത്തിലോ അതോ, ഫിര്‍ഔനിന്റെയും ഖാറൂനിന്റെയും ഹാമാന്റേയും ജീവിതത്തിലോ?''പിന്നീടദ്ദേഹം കൈകളുയര്‍ത്തി പറഞ്ഞു: ``ദുഷ്‌ടരായ പണ്ഡിതന്മാരേ, നിങ്ങളുടെ ഈ ജീവിതരീതി, പാവപ്പെട്ടവരും വിജ്ഞാനം കുറഞ്ഞവരുമായ സാധാരണ ജനങ്ങളില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന്‌ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പണ്ഡിതന്മാര്‍ക്ക്‌ ഇങ്ങനെയൊക്കെ ആവാമെങ്കില്‍ ഞങ്ങള്‍ക്ക്‌ പിന്നെ എന്തും ആകാമല്ലോ എന്നല്ലേ അവര്‍ ചിന്തിക്കുക!''
***

ഇസ്‌ലാമിന്റെ വിത്ത്‌, നമ്മുടെ മണ്ണിലും മനസ്സിലും നട്ടുവളര്‍ത്തിയ വിഖ്യാത പണ്ഡിതനാണ്‌ മാലിക്‌ബ്‌നു ദീനാര്‍(റ). അനീതിയെയും അനിസ്‌ലാമികതയെയും നെഞ്ചൂക്കോടെ ചോദ്യം ചെയ്‌ത വിജ്ഞാനിയായിരുന്നു അദ്ദേഹം. ആര്‍ക്കു മുന്നിലും പതറാത്ത ഈമാനിന്റെ നിശ്ചയ ദാര്‍ഢ്യം ആ മഹാന്റെ സവിശേഷതയായിരുന്നു. അദ്ദേഹം ബസ്വറയില്‍ താമസിക്കുന്ന കാലം. ഒരിക്കല്‍ അവിടുത്തെ ഗവര്‍ണറും സംഘവും മാലിക്‌ബ്‌നു ദീനാറിന്റെ പീടികയുടെ അരികിലൂടെ കടന്നുപോയി. അഹങ്കാരേത്തോടും അലങ്കാര പ്രൗഢിയോടും കൂടിയുള്ള ആ പോക്ക്‌ കണ്ട്‌ ഇബ്‌നുദീനാര്‍ പറഞ്ഞു: ``ഈ അഹങ്കാരവും ജാടയും അവസാനിപ്പിക്കണം!''

അതുകേട്ട്‌, ഗവര്‍ണറുടെ സേവകന്‍ മാലിക്‌ബ്‌നു ദീനാറിനെ അടിക്കാനൊരുങ്ങി. ഗവര്‍ണര്‍ തടഞ്ഞു. പിന്നെ മാലിക്‌ബ്‌നു ദീനാറിനോട്‌ ചോദിച്ചു: ``എന്നെ കണ്ടിട്ട്‌ നിനക്ക്‌ മനസ്സിലായില്ല, അല്ലേ?''
``നല്ലവണ്ണം മനസ്സിലായിട്ടുണ്ട്‌. ഗവര്‍ണര്‍, താങ്കളോര്‍ക്കണം, താങ്കളുടെ തുടക്കം ദുര്‍ഗന്ധമുള്ള ജലത്തില്‍ നിന്നായിരുന്നു. ദുര്‍ഗന്ധമുള്ള ജഡമായിട്ടായിരിക്കും താങ്കളുടെ ഒടുക്കം. ഈ തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ഇത്തിരി കാലം അഹങ്കാരം വെടിഞ്ഞ്‌ നല്ലതു പ്രവര്‍ത്തിച്ചുകൂടെ? വിതച്ചതേ കൊയ്യുകയുള്ളൂ.''
***

ഒരു ദിവസം ഉമര്‍(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില്‍ വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റു. ഉമര്‍, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത്‌ പനയോലപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര്‍ മുറിയുടെ ചുറ്റും നോക്കുകയായിരുന്നു. സ്‌നേഹറസൂല്‍ കൂട്ടുകാരനെ നോക്കി. ഉമര്‍ കരയുകയായിരുന്നു! കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട്‌ നബി ചോദിച്ചു:
``ഉമര്‍, എന്തിനാണ്‌ കരയുന്നത്‌?''
ആ പാടുകളാണ്‌ ഉമറിനെ കരയിച്ചത്‌. സത്യവിശ്വാസികളുടെ നേതാവ്‌. ഒരു സാമ്രാജ്യത്തിന്റെ അധിപന്‍! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്‍ത്തി!!
ഇതിനേക്കാള്‍ ദാരിദ്ര്യം ആ രാജ്യത്ത്‌ മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ്‌ വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്‌ക്കാതെ അദ്ദേഹം കരഞ്ഞു. എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:
``ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ്‌ ശാന്തമാണ്‌. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്‌!''

ചെറിയ ജീവിതവും വലിയ ചിന്തകളുമാണ്‌ മഹത്വത്തിന്റെ മാര്‍ഗം. ഇങ്ങനെ മാതൃകയാകേണ്ടവര്‍ തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള്‍ നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്‌. സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ സ്വര്‍ഗത്തിനാവട്ടെ നമ്മുടെ കൊതി! l

2 comments:

 1. മതി, കുറച്ചുമതി

  ReplyDelete
 2. Dear Hani
  Try to reach your post to more in boxes. The posting of 'tharibiya' is nice and activate it in the blog world. It may help to wave the light of truth among readers.
  My congratulations!
  Pls give me your email...

  ReplyDelete