Sunday, July 25, 2010

ശൈഥില്യവും ദൗര്‍ബല്യവും അജയ്യതയിലേക്കുള്ള പാതയും
മുസ്‌ലിംകള്‍ ന്യൂനപക്ഷമായിട്ടുള്ള എല്ലാ നാടുകളിലും അവരുടെ ശുഭാപ്‌തിവിശ്വാസം കെടുത്തിക്കളയുന്ന അതിപ്രധാന പ്രശ്‌നം പീഡിത മനോഭാവമാണ്‌. മതപക്ഷപാതത്തിനും വര്‍ഗീയ വിരോധത്തിനും ഇരയാകുന്നു. രാഷ്‌ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങള്‍ എതിര്‍ പ്രചാരണത്തിലോ തമസ്‌കരണത്തിലോ ഏര്‍പ്പെടുന്നു. പരിഹാസവും നിന്ദയും കേള്‍ക്കേണ്ടിവരുന്നു. വഴക്കുകള്‍ക്കും കയ്യേറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരയാകുന്നു -എന്നിങ്ങനെ ഒട്ടേറെ പരാതികള്‍ മുസ്‌ലിംകളുടെ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും ലേഖനങ്ങളിലും നിറഞ്ഞുനില്‌ക്കുന്നു.

മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടുള്ള രാജ്യങ്ങളിലും അശുഭ ചിന്തയുണര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഒട്ടും കുറവില്ല. പലയിടത്തും പ്രധാന പ്രശ്‌നം രാഷ്‌ട്രീയം തന്നെ. സെക്യുലര്‍ ഭരണം നിലവിലുള്ള മുസ്‌ലിം ഭൂരിപക്ഷരാഷ്‌ട്രങ്ങളില്‍ ഇസ്‌ലാമിക ഭരണക്രമത്തിനു വേണ്ടി ചില സംഘടനകളും ഗ്രൂപ്പുകളും വീറോടെ വാദിക്കുന്നു. ചില സെക്യുലര്‍ ഭരണകൂടങ്ങള്‍ ഇസ്‌ലാമിസ്റ്റ്‌ സംഘടനകളെയും ഗ്രൂപ്പുകളെയും അടിച്ചൊതുക്കാന്‍ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. ഇത്‌ രാഷ്‌ട്രീയ ധ്രുവീകരണത്തിനും ആഭ്യന്തര ശൈഥില്യത്തിനും വഴിവെക്കുന്നു. ഇതിനിടയില്‍ ഒരു ഭാഗത്ത്‌ ദേശീയ ഐക്യത്തിനു വേണ്ടിയും മറു ഭാഗത്ത്‌ ഇസ്‌ലാമിക ഐക്യത്തിനു വേണ്ടിയും ആഹ്വാനമുയരാറുണ്ടെങ്കിലും പൊതുനന്മയ്‌ക്കുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഒരു പക്ഷത്തും പ്രകടമാകാറില്ല.

ഇസ്‌ലാമിസ്റ്റ്‌-സെക്യുലറിസ്റ്റ്‌ എന്നിങ്ങനെയുള്ള വിഭജനം മാത്രമല്ല പല മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളിലും നിലവിലുള്ളത്‌. സമൂഹത്തെയും രാഷ്‌ട്രത്തെയും ഇസ്‌ലാമീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്നവര്‍ തന്നെ പല ഗ്രൂപ്പുകളിലായി ഭിന്നിച്ചുകഴിയുന്ന ദുരവസ്ഥയും പല രാഷ്‌ട്രങ്ങളില്‍ നിലവിലുണ്ട്‌. സോമാലിയയില്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്ന മിക്ക ഗ്രൂപ്പുകളും ഇസ്‌ലാമിന്റെ പേരില്‍ സംഘടിച്ചവയാണ്‌. സംഘര്‍ഷം ഇത്രത്തോളം രൂക്ഷമല്ലെങ്കിലും പാകിസ്‌താനിലും ഈജിപ്‌തിയും സുഡാനിലും മറ്റും ഇസ്‌ലാമിക രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ തന്നെ പൊതുലക്ഷ്യത്തിനു വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം കക്ഷിമാത്സര്യത്തിലാകുന്നു. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രങ്ങളിലും മുസ്‌ലിംകള്‍ക്കിടയിലെ രാഷ്‌ട്രീയ ശൈഥില്യം ഗുരുതരം തന്നെയാകുന്നു. നാലോ അഞ്ചോ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരസ്‌പരം മത്സരിക്കുന്ന കാഴ്‌ച പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലും മറ്റും ധാരാളമായി കാണാം. അവര്‍ തമ്മിലുള്ള വാശി ചിലപ്പോള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ ശേഷിപ്പുകളെയെല്ലാം തുടച്ചുനീക്കുംവിധം വളരാറുണ്ട്‌. ``അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായതു കൊണ്ടത്രെ അത്‌'' (59:14) എന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ സത്യനിഷേധികളെ സംബന്ധിച്ച്‌ പറഞ്ഞത്‌ നമ്മുടെ സമൂഹത്തെ സംബന്ധിച്ചേടത്തോളം തികച്ചും അന്വര്‍ഥമാകുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌.

പീഡിത മനോഭാവവും മതപരവും രാഷ്‌ട്രീയവുമായ കക്ഷിമാത്സര്യങ്ങളും മുസ്‌ലിംസമൂഹത്തിന്‌ വരുത്തുവെക്കുന്ന വിനകള്‍ കുറച്ചൊന്നുമല്ല. മുന്‍വിധികള്‍ മാറ്റിവെച്ച്‌ സൂക്ഷ്‌മമായി ചിന്തിച്ചാല്‍ അവയെക്കുറിച്ച്‌ വ്യക്തമായി ഗ്രഹിക്കാം. സത്യവിശ്വാസികള്‍ക്ക്‌ അവരുടെ വിശ്വാസദാര്‍ഢ്യം മൂലം കൈവരേണ്ട നിര്‍ഭയത്വവും ശുഭാപ്‌തി വിശ്വാസവും ഭാഗികമായോ പൂര്‍ണമായോ നഷ്‌ടപ്പെടുന്നു എന്നതാണ്‌ ഏറ്റവും ഗൗരവമുള്ള വിഷയം. മുഹമ്മദ്‌ നബി(സ)യുടെ ഉത്തമ ശിഷ്യന്മാര്‍ ഭയത്തില്‍ നിന്നും അശുഭചിന്തകളില്‍ നിന്നും മുക്തരായത്‌ തികച്ചും അനുകൂലമായ സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതുകാണ്ടല്ല. ധാരാളം വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും പരിഹാസങ്ങളെയും അവര്‍ക്ക്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. എന്നിട്ടും അല്ലാഹുവിന്റെ കാരുണ്യത്തിലും സഹായത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്നതിനാല്‍ അവര്‍ നിര്‍ഭയരായും അചഞ്ചലരായും വര്‍ത്തിക്കുകയാണുണ്ടായത്‌. ന്യൂനാല്‍ ന്യൂനപക്ഷമായിട്ടാണ്‌ അവര്‍ ആദര്‍ശ പ്രയാണം തുടങ്ങിയത്‌. തള്ളിപ്പറയുകയും കയ്യേറ്റത്തിന്‌ മുതിരുകയും ചെയ്യുന്ന അനേകായിരം അവിശ്വാസികളുടെ നടുവില്‍ എങ്ങനെ ജീവിക്കുമെന്ന ചിന്ത അവരെ ഒട്ടും ആശങ്കാകുലരാക്കിയില്ല. പീഡിത മനോഭാവം അവരെ പരാതിക്കാരും പരിദേവനക്കാരുമാക്കിയില്ല. എതിര്‍പ്രചാരണങ്ങളെ എങ്ങനെ മറികടക്കാമെന്ന ചിന്ത അവരെ അസ്വസ്ഥരാക്കിയിരുന്നില്ല.

ഇതര സമൂഹങ്ങള്‍ ശക്തിദൗര്‍ബല്യങ്ങളെയും വിജയപരാജയങ്ങളെയും ഭൗതികമായി മാത്രമാണ്‌ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌. സംഖ്യയും സന്നാഹങ്ങളും ഉള്ളവര്‍ക്ക്‌ ഇല്ലാത്തവരെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. രാഷ്‌ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രാബല്യമുള്ളവര്‍ക്ക്‌ വെല്ലുവിളികളെ വിജയകരമായി നേരിടാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുന്നു. ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ യഥാര്‍ഥ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ. അല്ലാഹുവിന്‌ ജീവിതം സമര്‍പ്പിച്ചവര്‍ സ്വന്തം കഴിവിനുപരിയായി അല്ലാഹുവിന്റെ അനുഗ്രഹത്തിലും സഹായത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നുവരായിരിക്കും. ഭൗതികമായ ആസൂത്രണവും സൈനിക സജ്ജീകരണവും കൊണ്ട്‌ മാത്രം യുദ്ധം ജയിക്കാന്‍ കഴിയില്ല എന്നതാണ്‌ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പാഠം. ബദ്‌റില്‍ മുസ്‌ലിം പടയാളികളുടെ സംഖ്യയും സജ്ജീകരണങ്ങളും താരതമ്യേന കുറവായിട്ടും അല്ലാഹുവിന്റെ സഹായത്താല്‍ വിജയമുണ്ടായി. ആ വിജയം ഉണര്‍ത്തിയ ശുഭാപ്‌തി വിശ്വാസവും കൂടുതല്‍ സൈനിക ശേഷിയും ഉണ്ടായിട്ടും ചില സൈനികര്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്‌ചവരുത്തിയത്‌ നിമിത്തം ഉഹ്‌ദില്‍ മുസ്‌ലിംകള്‍ക്ക്‌ കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായി. പോരാളികളുടെ എണ്ണം കൂടുതലുണ്ടായിട്ടും ഹുനൈന്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ പിന്തിരിഞ്ഞ്‌ ഓടേണ്ടിവന്നു. ഈ സംഭവങ്ങളൊക്കെ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചത്‌ മനുഷ്യരുടെ തീരുമാനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഉപരിയായി അല്ലാഹുവിന്റെ ഹിതമാണ്‌ നടപ്പിലാവുക എന്ന്‌ വ്യക്തമാക്കാനാണ്‌.

അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുകയും അവന്‌ ജീവിതം സമര്‍പ്പിക്കുകയും ചെയ്യുന്ന വിനീത ദാസന്മാര്‍ സ്വന്തം ഹിതം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയില്ല. വാഗ്വാദത്തിലൂടെയോ ഏറ്റുമുട്ടലിലൂടെയോ മേല്‍ക്കൈ നേടാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. ഇതരരെ വിമര്‍ശിച്ച്‌ തോല്‍പിക്കുന്നതിനെക്കാള്‍ ആത്മവിമര്‍ശനത്തിലൂടെ ജീവിതത്തെ കൂടുതല്‍ കുറ്റമറ്റതാക്കുന്നതിനാണ്‌ അവര്‍ മുന്‍ഗണന നല്‍കുക. ഒരാളുടെ ജീവിതം ഇസ്‌ലാമിക ദൃഷ്‌ട്യാ തികച്ചും കുറ്റമറ്റതാക്കുക എന്നതിന്റെ താല്‌പര്യം അല്ലാഹുവോടും സൃഷ്‌ടികളോടുമുള്ള ബാധ്യതകള്‍ പരമാവധി നിറവേറ്റുക എന്നതാകുന്നു. സ്രഷ്‌ടാവും സൃഷ്‌ടികളും ഇഷ്‌ടപ്പെടുന്ന ആ ജീവിതരീതി സ്വീകരിക്കുന്നവരെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ല. അല്ലാഹുവിന്റെയും നല്ല മനുഷ്യരുടെയും പിന്തുണ ഉറപ്പാണെങ്കില്‍ പിന്നെ ഇച്ഛാഭംഗത്തിനോ ആശങ്കയ്‌ക്കോ യാതൊരു അടിസ്ഥാനവുമില്ല.

ഇസ്‌ലാമിക സാഹോദര്യത്തെ സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഉദ്ധരിക്കാറുണ്ടെങ്കിലും മതപരമായും രാഷ്‌ട്രീയമായും ഭിന്നിച്ചു നില്‍ക്കുന്ന മുസ്‌ലിം വിഭാഗങ്ങള്‍ക്കൊന്നും തങ്ങളുടെ ചെറിയ വൃത്തത്തിന്‌ പുറത്തുള്ള മുസ്‌ലിംകളെ ആദര്‍ശസഹോദരങ്ങളായി പൂര്‍ണമനസ്സോടെ സ്വീകരിക്കാന്‍ കഴിയാറില്ല എന്നതാണ്‌ കക്ഷിത്വം സൃഷ്‌ടിക്കുന്ന വിനകളില്‍ ഏറെ ഗൗരവമുള്ള മറ്റൊന്ന്‌. അല്ലാഹുവെക്കാള്‍ മറ്റൊന്നിനും മുന്‍ഗണന നല്‍കാത്ത വിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹം എന്ന നിലയിലാണ്‌ അവര്‍ക്ക്‌ ഏകോദരസഹോദരന്മാരെപ്പോലെ വര്‍ത്തിക്കാന്‍ കഴിയുന്നതിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. സാഹോദര്യബന്ധത്തിന്‌ ഉലച്ചില്‍ തട്ടിയാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായേക്കും. പാശ്ചാത്യരുടെയും ഇസ്‌റാഈലിന്റെയും ഇസ്‌ലാം-മുസ്‌ലിം വിരോധത്തെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ഒരു സാര്‍വലൗകിക ആദര്‍ശസമൂഹത്തെ മനസ്സില്‍ കണ്ടാണ്‌ മുസ്‌ലിം നേതാക്കള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുള്ളത്‌. മക്കയിലും മദീനയിലും ഒരുമിച്ചുകൂടുമ്പോള്‍ അല്ലാഹുവിന്റെ അതിഥികളെയെല്ലാം സാര്‍വലൗകിക ഇസ്‌ലാമിക സാഹോദര്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനും മിക്ക മുസ്‌ലിംകള്‍ക്കും കഴിയാറുണ്ട്‌. എന്നാല്‍ കക്ഷിത്വങ്ങളുടെ ഭാഗമായി മാറുമ്പോള്‍ സാഹോദര്യത്തിന്റെ മൗലികമായ വിവക്ഷ വിസ്‌മരിക്കപ്പെടുകയും സ്വന്തം ഗ്രൂപ്പിന്റെ പുറത്തുള്ളവരൊക്കെ എതിര്‍ത്തുതോല്‌പിക്കപ്പെടേണ്ടവരാണെന്ന ഇടുങ്ങിയ ചിന്ത മനസ്സിനെ കീഴടക്കുകയും ചെയ്യുന്നു. ``നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്മാര്‍'' (3:139) എന്ന ഖുര്‍ആന്‍ സൂക്തം ഇന്നും എന്നും പ്രസക്തമാണ്‌. ദൗര്‍ബല്യങ്ങള്‍ നീക്കി ആദര്‍ശദാര്‍ഢ്യം കൊണ്ട്‌ കരുത്താര്‍ജിക്കാന്‍ നാം സന്നദ്ധരാണോ എന്നതാണ്‌ പ്രശ്‌നം. l

Saturday, July 10, 2010

കേള്‍ക്കാന്‍ കൊതിച്ചത്!!

ഡോ.ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്‌. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവും സദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായ ശൈലിയിലും മൂര്‍ച്ചയേറിയ വാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍:

l സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

l കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.

l സദ്‌ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

l പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.

l പൂക്കളില്‍ നിന്ന്‌ പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.

l സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

l നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍ നിന്ന്‌ അത്‌ നിങ്ങളെ തടയും.

l മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന്‌ മുമ്പിലെ സുജൂദുകളാണ്‌.

l നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

l ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

l ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.

l ഒരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.

l സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ്‌ രോഗം. വിലപിടിപ്പുള്ള വസ്‌ത്രമാണ്‌ ആരോഗ്യം.

l നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

l കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന്‌ ചിന്തിക്കുക.

l ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

l വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.

l ഓരോ ദിവസവും പുതിയ തുടക്കമാവുക.

l ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.

l നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

l കഴിഞ്ഞകാലത്ത്‌ നിങ്ങള്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുക; എന്നിട്ട്‌ അവയെ വിട്ടുകളയുക.

l ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

l പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നത്‌.

l ഭക്ഷണം കുറക്കുക; ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന്‌ ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന്‌ ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന്‌ ആരോഗ്യമുണ്ടാവും.

l ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.

l ആസ്യയില്‍ നിന്ന്‌ ക്ഷമയും ഖദീജയില്‍ നിന്ന്‌ ഭക്തിയും ആഇശയില്‍ നിന്ന്‌ ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന്‌ സ്ഥൈര്യവും പഠിക്കുക.

l മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

l സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

l മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും. n

Share/Save/Bookmark

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയ മേഖലയില്‍ നിലയുറപ്പിക്കാനുംസ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ ചിലയാളുകളും എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീട്ടു

ഭരണമാണ്‌ നല്ലതെന്നും രാഷ്‌ട്രീയരംഗത്ത്‌ അവര്‍ക്ക്‌ `ഇട'മില്ലെന്നും മറ്റു ചിലരും പറയുന്നു. ആധുനിക കാലത്ത്‌ സ്‌ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും വെളിച്ചത്തില്‍ പ്രമാണബദ്ധമായി `സ്‌ത്രീയുടെ ഇട'ത്തെ വിശദീകരിക്കാമോ?

ജസ്‌ന
ചെറുവാടി

ഇത്‌ വളരെ വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. ഈ പംക്തിയുടെ പരിമിതി അതിന്‌ അനുവദിക്കുകയില്ല. കുടുംബിനി എന്ന നിലയില്‍ ഒരു സ്‌ത്രീക്ക്‌ നിര്‍വഹിക്കാനുള്ള ബാധ്യതകളില്‍ വീഴ്‌ച വരുത്തിക്കൊണ്ട്‌ അവള്‍ മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌ തെറ്റാണെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭര്‍ത്താവിനോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം ജോലികളിലോ സേവനങ്ങളിലോ ഒരു സ്‌ത്രീ ഏര്‍പ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവില്ല. മൂസാനബി(അ)യുടെ ഭാര്യ വിവാഹത്തിന്‌ മുമ്പ്‌ അജപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 28:23 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. സബഇലെ രാജ്ഞിയെ സംബന്ധിച്ച്‌ സൂറത്തുന്നംലിലെ 23-44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. രാജ്യഭരണം സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ ഈ സൂക്തങ്ങളിലോ ഖുര്‍ആനിലെ മറ്റു സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. അധിക വായനയ്‌ക്ക്‌ അത്തൗഹീദ്‌ മാസിക 2010 ഏപ്രില്‍-മെയ്‌ ലക്കത്തിലെ `സ്‌ത്രീ: സംവരണം, ജോലി, അധികാരം' എന്ന ലേഖനം കാണുക.


Thursday, July 8, 2010