Saturday, August 7, 2010

>ആത്മധന്യതയുടെ വിരുന്നൊരുക്കി റമദാനിനെ വരവേല്‍ക്കാം.
നമ്മുടെ ജീവിത വ്യവഹാരത്തിന്നിടയില്‍ നാം പലരെയും വരവേല്‌ക്കാറുണ്ട്‌. ഉന്നത വ്യക്തിത്വങ്ങളെ, ഏറ്റവും ആദരണീയരായ അതിഥികളെ, ജീവിതപങ്കാളിയെ, ഋതുക്കളെ, ആഘോഷവേളകളെ... അങ്ങനെ പലതും.



ഓരോ വരവേല്‌പും ഓരോ തരത്തിലായിരിക്കും. നമ്മുടെ മുന്നിലിതാ റമദാന്‍ സമാഗതമായിരിക്കുന്നു. നമുക്ക്‌ റമദാനിനെ വരവേല്‌ക്കാം; തുറന്ന മനസ്സോടെ... മര്‍ഹബന്‍ ബി റമദാന്‍.

ചാന്ദ്രവര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ്‌ റമദാന്‍. ഇസ്‌ലാമിലെ അനുഷ്‌ഠാനങ്ങളും കര്‍മങ്ങളുമെല്ലാം കണക്കാക്കുന്നത്‌ ചാന്ദ്രമാസത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. എന്താണ്‌ റമദാനിന്റെ പ്രത്യേകത. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആത്മീയോത്‌കര്‍ഷത്തിന്റെ സന്ദര്‍ഭമാണ്‌ റമദാന്‍. കാരണം, മാനവരാശിക്ക്‌ സന്മാര്‍ഗദര്‍ശനത്തിന്നായി സ്രഷ്‌ടാവ്‌ നല്‍കിയ അന്തിമ വേദഗ്രന്ഥത്തിന്റെ അവതരണത്തിന്റെ ആരംഭം കുറിച്ചത്‌ റമദാനിലാണ്‌. ആയതിനാല്‍ ഓരോ വര്‍ഷവും ആ മാസത്തെ സമുചിതമായി ആദരിക്കണമെന്ന്‌ സ്രഷ്‌ടാവ്‌ നിര്‍ദേശിച്ചു. അതൊരു നിര്‍ബന്ധ കല്‌പന കൂടിയായിരുന്നു. (വി.ഖു. 2:185)

റമദാനിനെ ആദരിക്കേണ്ടത്‌ എങ്ങനെയെന്നല്ലേ! വ്രതം അനുഷ്‌ഠിച്ചുകൊണ്ട്‌. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതം. വ്രതാനുഷ്‌ഠാനം മനുഷ്യര്‍ക്ക്‌ പൊതുവില്‍ സുപരിചിതമാണ്‌. കാരണം പുരാതനവും ആധുനികവുമായ എല്ലാ സമൂഹങ്ങളിലും വ്രതമെന്ന പുണ്യകര്‍മം അനുഷ്‌ഠിച്ചുവരുന്നുണ്ട്‌. രൂപത്തിലും സമയത്തിലും എണ്ണത്തിലും കാലത്തിലും എല്ലാം വ്യത്യസ്‌തത കാണാമെങ്കിലും വ്രതമെന്ന തത്വത്തില്‍ പൊതുവില്‍ ഒരു ഏകീഭാവം കാണാം (2:183). ത്യാഗവും നിരാസവും നോമ്പിന്റെ ചൈതന്യമാണ്‌. അത്യാവശ്യമായതു പോലും താല്‌ക്കാലികമായി ത്യജിക്കുക, ആഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക (ഇംസാക്‌). ഇതൊക്കെയാണ്‌ വ്രതത്തിന്റെ പൊതുസ്ഥിതി.

വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ട ഇസ്‌ലാമിലെ വ്രതാനുഷ്‌ഠാനത്തിലും ത്യാഗവും സ്വയം നിയന്ത്രണവും അകമഴിഞ്ഞ പ്രാര്‍ഥനയും തന്നെയാണ്‌ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്‌. മനുഷ്യന്റെ പ്രാഥമികമായ രണ്ട്‌ ആവശ്യങ്ങളിലാണ്‌ വ്രതം നിയന്ത്രണമേര്‍പ്പെടുത്തിയത്‌. ആഹാരവും ലൈംഗികബന്ധവും. സൂക്ഷ്‌മതയോടെ ചിന്തിക്കുകയാണെങ്കില്‍ ഈ രണ്ട്‌ വാതിലുകളിലൂടെയല്ലേ സകലമാന തിന്മകളും കടന്നുവരുന്നത്‌! എല്ലാം ഒരു ചാണ്‍ വയറിനുവേണ്ടി എന്ന്‌ പറയാറില്ലേ?! കനകം മൂലം കാമിനി മൂലം... എന്ന പഴമൊഴിയില്‍ ഈ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നുവല്ലോ! എന്നാല്‍ ഈ രണ്ട്‌ മാനുഷികാവശ്യങ്ങളും കൈവെടിഞ്ഞ്‌ തപസ്സനുഷ്‌ഠിക്കുന്നതാണോ പുണ്യം! ഒരിക്കലുമല്ല. അത്‌ പ്രകൃതി വിരുദ്ധവും അശാസ്‌ത്രീയവുമാണ്‌. ആയതിനാല്‍ ശാരീരികാവശ്യങ്ങളില്‍ മനസ്സിന്‌ നിയന്ത്രണമുണ്ടാവുക എന്നതാണ്‌ വ്രതത്തിന്റെ ആത്യന്തികലക്ഷ്യം. ഇതുതന്നെയാണ്‌ തഖ്‌വ അഥവാ സൂക്ഷ്‌മത.

തഖ്‌വ കൈവരിക്കാന്‍ വേണ്ടി നിങ്ങള്‍ വ്രതം അനുഷ്‌ഠിക്കണമെന്നാണ്‌ സത്യവിശ്വാസികളെ വിളിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്‌ (2:183). ഏതൊരു കാര്യവും ചെയ്യുമ്പോള്‍ അത്‌ എന്തിന്‌ എന്ന ലക്ഷ്യബോധം ഉണ്ടായെങ്കിലേ ഈ പ്രവര്‍ത്തനം കൊണ്ട്‌ ആ ലക്ഷ്യം നേടിയോ എന്ന്‌ മൂല്യനിര്‍ണയം നടത്താന്‍ കഴിയൂ. വ്രതമനുഷ്‌ഠിച്ചതിന്റെ ലക്ഷ്യം ആത്യന്തികമായി പരലോകമോക്ഷമാണ്‌. അത്‌ സഫലമായോ ഇല്ലയോ എന്ന്‌ നമുക്കറിയാന്‍ കഴിയില്ല. എങ്കിലും തന്റെ വ്രതാനുഷ്‌ഠാനം മൂലം ജീവിതത്തില്‍ ഏതെങ്കിലും മേഖലയില്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ തനിക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ ഓരോ വ്യക്തിക്കും വിലയിരുത്താവുന്നതാണ്‌.

മുമ്പൊന്നുമില്ലാത്ത വിധം ജീര്‍ണമായിത്തീരുകയാണ്‌ സമൂഹം. മുസ്‌ലിംകള്‍ക്കിടയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായി മാത്രം കേള്‍ക്കുന്ന വന്‍പാപങ്ങള്‍ വ്യാപകവും സര്‍വസാധാരണവും ആയിത്തീരുകയാണോ എന്ന്‌ വര്‍ത്തമാന കാലറിപ്പോര്‍ട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോവുന്നു. സമ്പത്ത്‌ എങ്ങനെയെങ്കിലും സമ്പാദിക്കുക എന്ന നിലക്ക്‌ കള്ളവും ചതിയും ചൂഷണവും ഭവനഭേദനവും നോട്ടിരട്ടിപ്പും തട്ടിപ്പുകളും നിത്യസംഭവമാകുന്നു. സ്‌ത്രീപീഡനം, അവിഹിതവേഴ്‌ച, ജാരസന്തതികള്‍, അതിന്റെ പേരില്‍ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, തുടങ്ങിയ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല. ദേഹേച്ഛകളെയും ദുര്‍വികാരങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണല്ലോ ഇതിന്റെ അര്‍ഥം. ഈ പശ്ചാത്തലത്തിലാണ്‌ റമദാനിന്റെ ആഗമനവും വ്രതാനുഷ്‌ഠാനത്തിന്റെ പ്രാധാന്യവും കൂടുതല്‍ പ്രസക്തമായിത്തീരുന്നത്‌.

സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത്‌ നിയമങ്ങളുടെ അഭാവം കൊണ്ടോ നിരീക്ഷണത്തിന്റെ കുറവുകൊണ്ടോ അല്ല. ശിക്ഷാനടപടികള്‍ കര്‍ക്കശമാക്കിയതു കൊണ്ടും വലിയ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. നേരെ മറിച്ച്‌, തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാവിനെക്കുറിച്ചുള്ള ഓര്‍മയും തന്റെ വാഗ്‌വിചാര കര്‍മങ്ങള്‍ക്ക്‌ പ്രതിഫലം ലഭിക്കുമെന്ന ബോധവും മാത്രമേ മനുഷ്യനെ പൂര്‍ണമായും കുറ്റവിമുക്തനാക്കാന്‍ പര്യാപ്‌തമാവൂ. അന്ത്യപ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹം ഇങ്ങനെയായിരുന്നു. തെറ്റുകള്‍ മനുഷ്യസഹജമാണ്‌. എന്നാല്‍ അത്‌ സംഭവിക്കുമ്പോഴേക്ക്‌ മനസ്‌താപവും പശ്ചാത്താപവും മൂലം പിന്തിരിയുകയാണ്‌ വിശ്വാസിയുടെ പ്രത്യേകത. ധനമോഹത്തിനും മാനാപഹരണത്തിനും കടുത്ത ശിക്ഷയാണ്‌ ഇസ്‌ലാം നിശ്ചയിച്ചത്‌. എന്നാല്‍ പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്ത്‌ ആ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവന്നവര്‍ അംഗുലീപരിമിതമായത്‌ എന്തുകൊണ്ടായിരുന്നു? ആ സമൂഹത്തെ മുന്നോട്ടുനയിച്ച ചാലകശക്തി ഈമാന്‍ ആയിരുന്നു എന്നതു മാത്രമാണതിനു കാരണം.

നബി(സ)യുടെ ചില നിര്‍ദേശങ്ങള്‍ നോക്കൂ: ``ആവതുള്ളവന്‍ വിവാഹം കഴിക്കണം. വിവാഹത്തിന്‌ താത്‌ക്കാലിക പ്രയാസമുണ്ടെങ്കില്‍ നോമ്പെടുക്കണം''. മനുഷ്യന്റെ വികാരങ്ങളെ ഭക്തികൊണ്ട്‌ നിയന്ത്രിക്കുക എന്നല്ലേ ഇതിന്നര്‍ഥം! ജീര്‍ണത മുക്തമായ സമൂഹസൃഷ്‌ടിക്ക്‌ പ്രവാചക നിര്‍ദേശം നോക്കൂ: ``നാവും ജനനേന്ദ്രിയവും നിയന്ത്രിക്കാമെന്ന്‌ ആരെങ്കിലും എനിക്കുറപ്പുതന്നാല്‍ അയാള്‍ക്ക്‌ സ്വര്‍ഗം ഞാന്‍ ഉറപ്പുതരാം.'' ഈ കാര്യം വ്രതവുമായി പ്രവാചകന്‍ ബന്ധപ്പെടുത്തിയതു കാണാം. ``വ്യാജ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ (നോമ്പെടുക്കുന്നതില്‍) അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല.'' അത്തരക്കാര്‍ക്ക്‌ ഈ ലോകത്ത്‌ പൈദാഹവും പരലോകത്ത്‌ കടുത്ത ശിക്ഷയുമായിരിക്കും ഫലം.

വ്രതാനുഷ്‌ഠാനത്തിന്റെ പ്രത്യേകമായ കര്‍മമെന്താണെന്ന്‌ ആലോചിച്ചു നോക്കൂ. ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളിലൊന്നാണല്ലോ നോമ്പ്‌. പകലന്തിയോളം ഭക്ഷണപാനീയങ്ങളും ലൈംഗികബന്ധവും ഉപേക്ഷിക്കുക എന്നതാണ്‌ നോമ്പിന്റെ ബാഹ്യരൂപം. എന്നാല്‍ പുണ്യകരമായ സല്‍കര്‍മങ്ങള്‍ എന്തെല്ലാമുണ്ടോ അതെല്ലാം കഴിയുന്നിടത്തോളം ചെയ്യുക, ദോഷകരമായതും തിന്മ നിറഞ്ഞതുമായ എന്തെല്ലാമുണ്ടോ അതെല്ലാം ജീവിതത്തില്‍ നിന്ന്‌ പാടെ വര്‍ജിക്കുക -ഇതാണ്‌ നോമ്പുകാരന്‍ പാലിക്കേണ്ട ചിട്ട. ഇത്‌ റമദാനിലേക്ക്‌ മാത്രമുള്ളതല്ലല്ലോ. പരിപൂര്‍ണ ശ്രദ്ധയോടും സൂക്ഷ്‌മതയോടും കൂടി ഒരു പൂര്‍ണ മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക എന്നതാണ്‌ വ്രതം. ആ ശ്രദ്ധയും സൂക്ഷ്‌മതയും തുടര്‍ കാലഘട്ടത്തിലും പാലിക്കാന്‍ ശ്രദ്ധിക്കുക. ഇതാണ്‌ വ്രതത്തിലൂടെ നേടിയെടുക്കുന്ന വ്യക്തിഗുണം. അതിന്റെ ആത്യന്തിക ഫലമാകട്ടെ ശാശ്വത സ്വര്‍ഗീയ ജീവിതവും. ഇതിനു വേണ്ടിയാകട്ടെ റമദാന്‍ വരവേല്‌പ്‌.

നിര്‍ഭാഗ്യമെന്നു പറയട്ടെ, റമദാന്‍ മാസത്തെ വരവേല്‌ക്കാന്‍ നാം ഒരുങ്ങുന്നത്‌ പലപ്പോഴും ബാഹ്യമായിട്ടാണ്‌. വീടും പരിസരവും വൃത്തിയാക്കി, പള്ളിയും മദ്‌റസയും പെയിന്റടിച്ച്‌, മല്ലിയും മുളകും പച്ചരിയും പൊടിച്ചുവച്ച്‌, സത്‌കാരത്തിന്‌ ദിവസങ്ങള്‍ കണ്ടുവച്ച്‌ റമദാനിന്‌ സ്വാഗതമോതുന്നു. ഇതെല്ലാം നല്ലതും വേണ്ടതും ആണെങ്കിലും റമദാനുമായി ബന്ധമുള്ള കാര്യങ്ങളല്ല. താരതമ്യേന ഭക്ഷണം കുറയ്‌ക്കുന്ന വ്രതവേളയിലേക്ക്‌, വൈരുധ്യമെന്ന്‌ പറയട്ടെ, ഭാരിച്ച മെനുവാണ്‌ മുസ്‌ലിം സമൂഹം ഒരുക്കുന്നത്‌. കുടുംബബജറ്റ്‌ റമദാനില്‍ കൂടുന്നു, റമദാന്‍ കഴിയുമ്പോള്‍ ഓരോ വ്യക്തിയും തൂക്കം വര്‍ധിക്കുന്നു. പ്രമേഹ സാധ്യത ഏറുന്നു. യഥാര്‍ഥത്തില്‍ മറിച്ചല്ലേ വേണ്ടത്‌!

ഭക്ഷണത്തിലും വ്രതമുണ്ട്‌. പകല്‍ ഭക്ഷണം കഴിക്കാതിരിക്കുക. അതിനു പകരം അതിന്റെ ഇരട്ടി രാത്രിയില്‍ കഴിച്ച്‌ അജീര്‍ണവും ആലസ്യവും ക്ഷണിച്ചുവരുത്തുകയല്ല വേണ്ടത്‌. സാധാരണ ഭക്ഷണം, പ്രത്യേകിച്ചും ലളിതമായത്‌ കഴിക്കുക. ആവശ്യത്തിനു മാത്രം കഴിക്കുക; ഡോക്‌ടര്‍മാര്‍ നോമ്പല്ലാത്ത കാലത്തു തന്നെ നിയന്ത്രിക്കാന്‍ പറഞ്ഞ `കരിച്ചതും പൊരിച്ചതും' നോമ്പിന്‌ പാടെ വര്‍ജിക്കുക. റമദാന്‍ ആരാധനാവേളയാണ്‌; ആഘോഷമല്ല എന്ന്‌ തിരിച്ചറിയുക. നോമ്പു തുറപ്പിക്കല്‍ പുണ്യകര്‍മമാണ്‌; ലോകമാന്യത്തിനുള്ളതോ പൊങ്ങച്ചപ്രകടനമോ അല്ല. ഇതര സമൂഹങ്ങളുമായി സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും ഇസ്‌ലാമിന്റെ മഹിതമായ സന്ദേശം കൈമാറാനും ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ ആവാം; ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും സമയനഷ്‌ടത്തിന്റെയും കേളീരംഗമാവരുത്‌. ഇത്തരം തിരിച്ചറിവോടെയാകട്ടെ, റമദാനിനെ സ്വാഗതം ചെയ്യുന്നത്‌.

നല്ല കാര്യങ്ങള്‍ ഓര്‍മിക്കലും ഓര്‍മപ്പെടുത്തലുകളും ഉദ്‌ബോധനങ്ങളും ആവശ്യവും സ്വാഭാവികമായി നടക്കുന്നതുമാണ്‌. എന്നാല്‍ ശബ്‌ദമലിനീകരണത്തിനും പരിസര ശല്യത്തിനും കാരണമാകുന്ന പ്രസംഗ മത്സരങ്ങള്‍ കൊണ്ട്‌ റമദാനിന്റെ രാത്രികള്‍ മുഖരിതരമാക്കരുത്‌. പതിനായിരിക്കണക്കിന്‌ വാട്ട്‌ സൗണ്ട്‌ സിസ്റ്റം ഉപയോഗിച്ചുള്ള `റമദാന്‍ പ്രഭാഷണ പ്രളയം' കൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്ന്‌ തിരിച്ചറിയണം. പള്ളികളിലും മദ്‌റസകളിലും മറ്റു ദീനീസദസ്സുകളിലും ആ സദസ്സിലേക്കു മാത്രം ആവശ്യമായ ഉപദേശങ്ങളും പഠനക്ലാസുകളും നടക്കണം. വീടുകള്‍ക്കുള്ളില്‍ സി ഡി പ്ലെയറുകളും കമ്പ്യൂട്ടറുകളും നല്ലതു കാണാനും നല്ലതു കേള്‍ക്കാനും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക. ആധുനിക മീഡിയ റമദാനിന്റെ ചൈതന്യം കെടുത്തിക്കളയുന്ന രീതിയില്‍ ദുരുപയോഗം ചെയ്യാതിരിക്കുക.

ഓരോ മുസ്‌ലിമും തന്റെ ജീവിതസാഹചര്യവും സൗകര്യങ്ങളും കുടുംബപശ്ചാത്തലവും അനുസരിച്ച്‌ ആസന്നമായ റമദാനിനെ തനിക്കെങ്ങനെ ഉപയോഗപ്പെടുത്താമെന്ന്‌ ചിന്തിക്കുക. നിത്യജീവിതം ക്രമപ്പെടുത്തുക.

1) നന്മകള്‍ കഴിയുന്നത്ര നിര്‍വഹിക്കുക: നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സമയത്തിനു നിര്‍വഹിക്കുക/ജമാഅത്തായി നിര്‍വഹിക്കുക, സുബ്‌ഹ്‌ നമസ്‌കാരത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക, രാത്രി നമസ്‌കാരത്തില്‍ (തറാവീഹ്‌) ശ്രദ്ധ പതിപ്പിക്കുക, കഴിവനുസരിച്ച്‌ ദാനധര്‍മങ്ങള്‍ ചെയ്യുക, കുടുംബ ബന്ധങ്ങള്‍ സ്ഥാപിക്കുക, രോഗികളെ സന്ദര്‍ശിക്കുക, അറിയാവുന്ന ദിക്‌റുകള്‍ ചൊല്ലുക, ഒഴിവുസമയങ്ങളില്‍ പ്രാര്‍ഥനയില്‍ മുഴുകുക, വിശുദ്ധ ഖുര്‍ആനിന്റെ ഒരു ആയത്തെങ്കിലും ഒരു ദിവസം അര്‍ഥം അറിഞ്ഞ്‌ ഓതുക, ഒരായത്തെങ്കിലും മനപ്പാഠമാക്കുക... ഇങ്ങനെ എന്തെല്ലാം സാധിക്കുമോ അവ പരമാവധി ചെയ്യുക. ജീവിതത്തിനാവശ്യമായ അധ്വാനം മാറ്റിവെച്ചുകൊണ്ടല്ല ഇതെല്ലാം ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചത്‌.

2). തിന്മകള്‍ പാടെ വര്‍ജിക്കുക: നമ്മുടെ ജീവിതത്തിലേക്ക്‌ അറിയാതെ കടന്നുവന്ന ദുശ്ശീലങ്ങള്‍ ഉണ്ട്‌. അനാസ്ഥകൊണ്ട്‌ വന്നുചേര്‍ന്ന ആലസ്യമുണ്ട്‌. പ്രകൃത്യാ നമുക്കുള്ള ചില ദുസ്സ്വഭാവങ്ങളുണ്ട്‌. അവ നിയന്ത്രിക്കാന്‍ നോമ്പോളം പറ്റിയ സന്ദര്‍ഭമില്ല. പുകവലി, മുറുക്ക്‌, പൊടിവലി, ലഹരി ഉപയോഗം മുതലായ ചെറുതും വലുതുമായ ദുശ്ശീലങ്ങള്‍ ബോധപൂര്‍വം മാറ്റാന്‍ ശ്രമിക്കുക. ആവശ്യത്തിലധികം സംസാരിക്കാതിരിക്കുക, സുഹൃദ്‌ സദസ്സുകളില്‍ ഇതരരെ `പച്ചയ്‌ക്കു തിന്നാതിരിക്കുക', മുന്‍ കോപവും ശാഠ്യവും ഉണ്ടെങ്കില്‍ അതു തിരിച്ചറിയുക; തിരുത്തുക... ഇങ്ങനെ അധ്വാനമോ മുതല്‍ മുടക്കോ ഇല്ലാതെ ചെയ്യാവുന്ന എത്രയെത്ര കാര്യങ്ങള്‍!

3). തിരിച്ചറിവും തിരിഞ്ഞുനോട്ടവും: നമുക്ക്‌ നമ്മെ തിരിച്ചറിയാന്‍ നോമ്പിന്റെ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താം. ഒറ്റക്കിരുന്ന്‌ ആലോചിക്കുക. പിന്നിട്ട കാലം ആശാവഹമായിരുന്നോ? ഇരുള്‍ നിറഞ്ഞതായിരുന്നോ? സമയം വൈകിയിട്ടില്ല. ചെയ്‌തുപോയ പാപങ്ങളില്‍ നിന്നും ദുര്‍നടപ്പുകളില്‍ നിന്നും ഖേദിച്ചു മടങ്ങുക, തൗബ ചെയ്യുക. തൗബക്ക്‌ ഇടയില്‍ ആളാവശ്യമില്ല, സ്രഷ്‌ടാവിന്റെ മുന്നില്‍ മനസ്സ്‌ തുറക്കുക. അറിയാതെ കണ്ണുകള്‍ ഈറനണിയും. ആ വാക്കുകള്‍ നാഥന്‍ സ്വീകരിക്കാതിരിക്കില്ല. നോമ്പുകഴിഞ്ഞാല്‍ ആവര്‍ത്തിക്കാനല്ല, ഒരു പുതിയ മനുഷ്യനാകാന്‍.

4). പുണ്യങ്ങളുടെ പൂക്കാലം: ഒന്നെടുത്താല്‍ ഒന്നു ഫ്രീ. കേള്‍ക്കേണ്ട താമസം. മുന്‍പിന്‍ നോക്കാതെ ആളുകളുടെ നെട്ടോട്ടം. ഇതാണ്‌ ഭൗതിക ലോകം. സ്രഷ്‌ടാവിന്റെ ഓഫറുകള്‍. `റമദാനില്‍ സത്യവിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താല്‍, രാത്രി നമസ്‌കാരം നിര്‍വഹിച്ചാല്‍ കഴിഞ്ഞ കാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും. ദാനധര്‍മത്തിന്‌ ഇരട്ടി പ്രതിഫലം. റമദാനിലെ ഉംറക്ക്‌ ഹജ്ജിന്റെ പ്രതിഫലം, നോമ്പുകാര്‍ക്ക്‌ സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന പ്രത്യേക കവാടം... സ്രഷ്‌ടാവിന്റെ ഈ ഓഫറുകള്‍ കാണാനാരുമില്ല.

എല്ലാ അര്‍ഥത്തിലും സാര്‍ഥകമായിത്തീരുന്ന ഒരു വ്രതകാലം പ്രതീക്ഷിച്ചുകൊണ്ട്‌ നമുക്ക്‌ ഈ റമദാനിനെ സ്വാഗതം ചെയ്യാം. മര്‍ഹബന്‍ ബിക യാ റമദാന്‍.

No comments:

Post a Comment